Saudi Arabia pushes for stricter rules on under-18 marriage
എത്രയായിരിക്കും സൗദിയിലെ വിവാഹ പ്രായം. പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ. ആ രാജ്യത്ത് ശൈശവ വിവാഹം നിലനില്‍ക്കുന്നുണ്ടോ? ഈ വിഷയത്തില്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഭരണകൂടം ഒരു സമിതിയെ നിയോഗിച്ചിരുന്നു. അവര്‍ വിവിധ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന വിവാഹ വ്യവസ്ഥകള്‍ അവലോകനം ചെയ്ത ശേഷം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണ് സൗദി അറേബ്യ. പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 ആക്കണമെന്നാണ് സമിതിയുടെ ശുപാര്‍ശ. എന്നു കരുതി 18ന് താഴെയുള്ള പെണ്‍കുട്ടികളുടെ വിവാഹം നടത്തരുത് എന്നില്ല. അതിന് തയ്യാറെടുക്കുന്നുവര്‍ കുറച്ചു പ്രയാസപ്പെടും. നിയമത്തിന്റെ നൂലാമാലകള്‍ ഒത്തിരിയുണ്ട്. 18ന് താഴെയുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെങ്കില്‍ ആദ്യം പെണ്‍കുട്ടിയുടെ തന്നെ സമ്മതം അനിവാര്യമാണ്. 18ന് മുകളിലാണെങ്കിലും പെണ്‍കുട്ടിയുടെ അനുമതിയാണ് ആദ്യം വേണ്ടത്. എന്നാല്‍ 18ല്‍ താഴെയുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെങ്കില്‍ പെണ്‍കുട്ടിയുടെ മാതാവിന്റെ അനുമതിയും നിര്‍ബന്ധമാക്കണമെന്നാണ് ശുപാര്‍ശ.